Monday, October 12, 2009

ഒരു ഫോണ്‍ കോള്‍

പണ്‍ടു മുതലേ വീട്ടില്‍ ഞങ്ങള്‍ പിള്ളേരും പിന്നെ അച്ഛനും അമ്മയും തമ്മില്‍ വഴക്കു നടക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. പത്രത്തിലൊക്കെ ചിലപ്പോള്‍ വാര്‍ത്ത വരാറില്ലേ, കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ  വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു എന്നൊക്കെ... അങ്ങനെ പത്രത്തിലോ ടിവിയിലോ വാര്‍ത്ത വരുന്ന ദിവസം, അച്ഛനോ അമ്മയോ അങ്ങു തുടങ്ങും - അല്ലെങ്കിലും ഈ പിള്ളേര്‍ക്കൊക്കെ മൊട ഇളകിയിട്ടാണല്ലോ ഈ വെള്ളത്തില്‍ ചെന്നു ചാടുന്നത്. ഇതു കേട്ടാല്‍ എനിക്കു ചൊറിഞ്ഞു വരും. “ഇതു കൊള്ളാം, നിങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും അവരു ചാകാന്‍ വേണ്ടി ചാടുന്നതാണെന്നു!”, എന്നു പറഞ്ഞു ഞാനും തുടങ്ങും. അതു പിന്നെ വല്യ തര്‍ക്കമാവും. ഒടുവില്‍, നിര്‍ത്തെടാ ചെറ്ക്കാ, നിന്നോടൊന്നും വായിട്ടലച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ് ആ തര്‍ക്കം അവസാനിക്കും. അമ്മയാണു ഈ കാര്യത്തില്‍ കുറച്ചും കൂടി കടുപ്പം. അച്ഛന്‍ കൂടീപ്പോയാല്‍ തന്തയ്ക്കു വിളിക്കും. വിളിക്കുന്നതു അച്ഛന്‍ തന്നെ ആയതു കൊണ്ടു ഞാനങ്ങു ക്ഷമിക്കും :). ഇവരുടെ ഈ സ്വഭാവം കാരണം ഞങ്ങളെ പണ്ട് തൊട്ടേ എക്സ്കര്‍ഷനൊക്കെ വിടാന്‍ മടിയായിരുന്നു. ടൂര്‍ പോയിട്ടു ഞങ്ങളെങ്ങാനും എവിടെയെങ്കിലും പോയി മുങ്ങിച്ചത്തുകളഞ്ഞാലോ. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തു ഒരിക്കലും ടൂര്‍ പോയിട്ടില്ല. മാത്രമല്ല, വല്ലവരും ഇതിനൊക്കെ പോയി മുങ്ങി മരിക്കുന്നതിനു ഞങ്ങളുടെ വീട്ടില്‍ മുറയ്ക്കു വഴക്കു നടക്കുമായിരുന്നു.


കാലം കുറെ കഴിഞ്ഞു. ഞാനൊരു ജോലിക്കാരനൊക്കെ ആയി. എനിക്കൊക്കെ ഇനി എന്തും ആകാം എന്ന അവസ്ഥയായി. അങ്ങനെയാണു പതുക്കെ പതുക്കെ ഫ്രണ്ട്സുമായി പല ട്രിപ്പുകള്‍ക്കും പോകാന്‍ തുടങ്ങിയതു. പക്ഷേ ഇപ്പൊഴും, പോകുന്നതു വല്ല കടല്‍ കാണാനോ, വെള്ളച്ചാട്ടം കാണാനോ ആണെങ്കില്‍,  അമ്മയ്ക്കു പേടിയാണു. “മക്കളെ, സൂക്ഷിച്ചൊക്കെ, പോണേ, വെള്ളത്തിലൊന്നും അധികം ഇറങ്ങരുതേ”, എന്നു പറയും. ചെലപ്പൊ എനിക്കു ചിരി വരും, ചെലപ്പൊ ദേഷ്യവും. അച്ഛന്‍ ‘റഫ് ആന്‍ഡ് ടഫ്’ ആണ്. “ നീയൊക്കെ പോയി ചത്താലും എനിക്കൊരു പുല്ലും ഇല്ലെഡേ” എന്നൊക്കെ കണ്ണീച്ചോരയില്ലാതെ പറഞ്ഞുകളയും!


അങ്ങനെയിരിക്കേ, ഇക്കഴിഞ്ഞ ആഴ്ച്ച, ഗോവയ്ക്കു പോകാന്‍, ഞാനും എന്റെ നല്ലവരായ ചില സുഹൃത്തുക്കളും കൂടി തീരുമാനിച്ചു. പോകുന്നതിന്റെ തലേ ദിവസം വീട്ടില്‍ വിളിച്ചിട്ടു പറഞ്ഞു - “ അമ്മാ, ഞാന്‍ നാളെ ഗോവന്‍ കടാപ്പൊറം കാണാന്‍ പോണേണ്.” അമ്മയ്ക്കു പേടിയായി - “ മക്കളേ, സൂക്ഷിച്ചൊക്കെ പോണേ..., വെള്ളത്തിലൊന്നും അധികം ഇറങ്ങാന്‍ നില്‍ക്കണ്ട”. “ശരിയമ്മാ” - ഞാന്‍ അമ്മയ്ക്കു സമാധാനമായിക്കോട്ടേന്നു വിചാരിച്ചു സമ്മതിച്ചു. “ഫോണ്‍ തമ്പിക്ക് കൊടുക്കമ്മാ” . അമ്മ അനിയന്റെ കൈയില്‍ ഫോണ്‍ കൊടുത്തു. അവന്‍ പറഞ്ഞു- “ചേട്ടാ, എനിക്കൊരു കാര്യം പറയാനുണ്ട്. അമ്മയുടെ മുന്നില്‍ വച്ചു പറയാന്‍ പറ്റില്ല. ഞാന്‍ നാളെ വിളിക്കാം”. അവന്‍ ഇങ്ങനെ പല നമ്പരും ഇറക്കാറുള്ളതു കൊണ്ടു അമ്മ മൈന്‍ഡ് ചെയ്തില്ല.


ഞാന്‍ ഗോവയ്ക്കു പോകുന്ന ദിവസം രാവിലെ അവന്‍ വിളിച്ചു. “ചേട്ടാ, ചേട്ടന്‍ വെള്ളത്തിലൊന്നും അധികം ഇറങ്ങരുതു കേട്ടൊ”- അവന്‍ പറഞ്ഞതു കേട്ടു ഞാന്‍ അന്ധാളിച്ചു പോയി.നമ്മളെ ഉപദേശിക്കാന്‍ മാത്രം ഇവന്‍ വളര്‍ന്നോ!
 “എന്തരെഡെയ്, പുതിയ ഉപദേശങ്ങളൊക്കെ?”. 
“അതല്ല ചേട്ടാ, ഞാന്‍ കാര്യമായിട്ടു പറഞ്ഞതാ”.
ഞാന്‍ ചിരിച്ചു.
“ചേട്ടാ, കഴിഞ്ഞ ആഴ്ച്ച ഞാന്‍ മുങ്ങി മരിക്കേണ്ടതായിരുന്നു”. 
എന്റെ ചിരി മാഞ്ഞു. 
അതേ ചേട്ടാ. അവന്‍ സംഭവം വിവരിക്കാന്‍ തുടങ്ങി.
(അവന്‍, തൃശ്ശൂരില്‍ ഒരു സ്റ്റുഡിയോയില്‍. സൌണ്ട് എഞ്ജിനിയറിംഗ് പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞെങ്കിലും, സ്റ്റുഡിയോയില്‍ ഇടയ്ക്കു അസ്സിസ്റ്റ് ചെയ്യാന്‍ പോകും.)
“ചേട്ടാ, ഞാനും പിന്നെ കുറച്ചു പിള്ളേരും കൂടി, സാധാരണ പോകാറുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. മഴ ഒരുപാടു പെയ്തിരുന്നതു കൊണ്ട് വെള്ളം കയറി കിടക്കുകയായിരുന്നു.സാധാരണ ഇറങ്ങാറുള്ള ലെവല്‍ കാണാനുണ്ടായിരുന്നില്ല. പെട്ടെന്നൊരു സ്റ്റെപ് എടുത്തു വച്ചപ്പൊള്‍ ഞാനങ്ങു മുങ്ങിപ്പോയി. കൂടെയുള്ളവര്‍ ശ്രദ്ധിച്ചില്ല. ഞാനങ്ങു മുങ്ങി പോയി. കൈയും കാലും ഇട്ടടിച്ചിട്ടൊന്നും ഒരു കാര്യവുമുണ്ടായിരുന്നില്ല. അവസാനം എനിക്കു മനസ്സിലായി - ശ്ശെടാ, ഞാന്‍ മരിക്കാന്‍ പൊവുകയാണല്ലോന്ന്. എനിക്കു കരച്ചില്‍ വന്നു. പക്ഷേ പെട്ടെന്നു ഒരു ജൂനിയര്‍ പയ്യന്‍ എന്റെ കൈയില്‍ പിടിച്ചു പൊക്കിയെടുത്തു. ഇല്ലായിരുന്നെങ്കില്‍, ഇതിപ്പൊ ചേട്ടനോട് പറയാന്‍ ഞാന്‍ കാണില്ലായിരുന്നു”.


എനിക്ക് പെട്ടെന്നൊന്നും പറയാന്‍ സാ‍ധിച്ചില്ല. 
“ചേട്ടനൊന്ന് ആലോചിച്ചു നോക്കിയേ, അങ്ങനെ വല്ലതും ഞാ‍ന്‍ മരിച്ചിരുന്നെങ്കില്‍ അതൊരു അനാവശ്യ മരണം ആയിപ്പോകുമായിരുന്നില്ലേ?” - അവന്‍ കോമഡി ഇറക്കി. 
“അതേ അതേ, എനിക്ക് ഗോവയിലും പോകാന്‍ പറ്റില്ലായിരുന്നു” - ഞാനും ചിരിച്ചു.
“അതുകൊണ്ട് ചേട്ടന്‍ വെള്ളത്തിലൊന്നും അധികം ഇറ്ങ്ങാന്‍ നില്‍ക്കരുതേ”.
“എടാ, അതിനു ഞാനങ്ങനെ വെള്ളത്തിലൊന്നും അധികം ഇറങ്ങാറില്ലാത്ത ടൈപ്പ് ആണെന്നു നിനക്കു അറിഞ്ഞുകൂടെ”.
“അതിപ്പൊ, ഞാനും അങ്ങനത്തെ ടൈപ്പ്  അല്ലെന്ന് ചേട്ടനും അറിഞ്ഞുകൂടെ? എന്നിട്ടും എനിക്കിതു സംഭവിച്ചില്ലേ. ചേട്ടാ, പ്ലീസ്”.


“ശരിയെടാ, ഞാന്‍ ഇറങ്ങില്ല”. ഞാന്‍ വാക്ക് കൊടുത്തു. 
“ചേട്ടാ, അമ്മയോടിതു പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ കൊന്നുകളയും.”
“ശരിയെടാ എന്നാല്‍” - ഞാന്‍ കോള്‍ കട്ട് ചെയ്തു.


എന്താണു കേട്ടതെന്നു ആലോചിക്കുന്തോറും, എന്റെ നെഞ്ചിടിപ്പ് കൂടി. തമ്പി കൂടെയില്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കി. ഒരു ജൂനിയറിന്റെ കൈ കൊടുത്ത് നീ അവനെ രക്ഷപെടുത്തിയില്ലായിരുന്നെങ്കില്‍, ദൈവമേ! അവന്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നില്ല. പാവം എന്റെ അമ്മ തകര്‍ന്നു പോയേനെ. അങ്ങനെയൊന്നും സംഭവിക്കാത്തതിനു ദൈവത്തിനു വീണ്ടും നന്ദി പറഞ്ഞു.
പിന്നീട് ഞാന്‍ ആലോചിച്ചു- ഓരോ അപകടങ്ങളിലും പെട്ട് ഏതെങ്കിലും ഒരു കുട്ടി മരിക്കുമ്പോള്‍, അതു സംഭവിക്കുന്നതു എന്റെ മക്കള്‍ക്കാണെങ്കിലോ എന്ന് സങ്കല്‍പ്പിക്കുമ്പോഴുണ്ടാകുന്ന ആശങ്ക - അതാണ് അച്ഛനെയും അമ്മയെയും കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. ഒരു പക്ഷേ തമ്പിയെ രക്ഷിച്ചത് വെറുതെയിരിക്കുമ്പൊഴൊക്കെ പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ പുണ്യമാകാം. എന്തായാലും, ഞാനെന്റെ അനിയന്റെ വാക്കുകള്‍ അനുസരിച്ചു. കടലില്‍ ഒന്നും ഇറങ്ങാതെ തീരത്തുനിന്ന് ഒരു പാപ്പരാസിയെ പോലെ കണ്ട പെങ്കുട്ട്യോള്‍ടെയൊക്കെ കളര്‍ പടങ്ങള്‍ എടുത്തുകൊണ്ട് നടന്നു. :)


9 comments:

  1. ആദ്യത്തെ പോസ്റ്റ് എന്റെ തമ്പിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു :)

    ReplyDelete
  2. Tte!! Tte! Tte!

    Kaanthaa... manassil kollunna vishayam... nalla avatharanam...

    Kaanjirappalliyile ore vellakettu ente aniyane thattieduthittu 5 maasam aakunnu...

    ReplyDelete
  3. eda,

    postinte koode naalu photos koodi idu. ennaalalle oru lathu varu !!
    goan beachil ninnu nee odichittu pidicha penpillerude padangal okke post cheyyooo
    [:)]

    ReplyDelete
  4. നീ കലക്കും...!!

    ReplyDelete
  5. അപ്പോള്‍ അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്.... നന്നായിട്ടുണ്ട്

    ReplyDelete
  6. അണ്ണന്റെ അവതരണവും തമ്പിയുടെ വിശേഷങ്ങളും ഇഷ്ടായി. ബ്ലോഗ്‌ ചിന്ത.കോം , cyberjalakam.കോം തുടങ്ങിയ അഗ്രിഗെടരില്‍ ലിസ്റ്റ് ചെയ്യാന്‍ നോക്കണം. എല്ലാവിധ ആശംസകളും !!

    ReplyDelete
  7. Eeee kochukuttiyude chindhakal enikshtamaayi.....very touching.......to know that the young generation do realize and analize the emotionds of the elders.

    ReplyDelete
  8. @ Jose, Kichu & chinnu,Siju, Vinu - എപ്പൊ എഴുതിയാലും വന്ന് കമന്റ് അടിക്കുക... :)

    @ വിഷ്ണു - നന്ദി. ഇടയ്ക്ക് ഇതിലേ വന്നു പോവുക.

    @ Manjjukaalam - :) പഴയ തലമുറ പുതിയ തലമുറ എന്നൊന്നും ഇല്ല. തര്‍ക്കിക്കേണ്ടി വന്നാല്‍ തര്‍ക്കിക്കും.... ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടിടത്ത് അതും ചെയ്യും.

    ReplyDelete