Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Tuesday, October 20, 2009

കാഞ്ചീവരം

ഏകദേശം 3 കൊല്ലം മുന്‍പാണെന്നു തോന്നുന്നു, പ്രിയദര്‍ശന്‍ തന്റെ സ്വപ്ന സിനിമയായ കഞ്ചീവരത്തെക്കുറിച്ച് സംവദിക്കുന്നതു ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ചില സമയത്തൊക്കെ എനിക്ക് ചില വെളിപാടുകള്‍ ഉണ്ടാകാറുണ്ട്. ഷാജി.എന്‍.കരുണ്‍ വാനപ്രസ്ഥം എടുക്കാന്‍ പൊകുന്നുവെന്നു കേട്ടപ്പോള്‍ ഞാന്‍ പ്രവചിച്ചതാണു, മോഹന്‍ലാലിനു ദേശീയ അവാര്‍ഡ് കിട്ടുമെന്ന്. (സത്യം!). പ്രകാശ് രാജാണ് തന്റെ കഥയിലെ നായകനെ അവതരിപ്പിക്കുന്നതെന്നു പ്രിയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പ്രവചിച്ചു - പ്രകാശ് രാജിന് ദേശീയ അവാര്‍ഡ് കിട്ടുമെന്ന്. (സത്യം!). പിന്നെ നടന്നത് ചരിത്രം! :)
ബാങ്ക്ലൂര്‍ വന്നതിനു ശേഷമാണു ഞാന്‍ ഇറങ്ങുന്ന പടങ്ങളൊക്കെ തിയറ്ററില്‍ പോയി കാണാന്‍ തുടങ്ങിയത്. ഇവിടെ റിലീസ് ചെയ്യാത്ത പടങ്ങളൊക്കെ ഡൌണ്‍ലോഡ് ചെയ്ത് കാണും. കാഞ്ചീവരം എന്തായാലും ബാങ്ക്ലൂരില്‍ ഏതെങ്കിലും തിയറ്ററില്‍ നിന്നു കാണാമെന്ന പ്രതീക്ഷ എനിക്കു തീരെ ഉണ്ടായിരുന്നില്ല. പ്രിയദര്‍ശന്‍ പടത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ് അന്താരാഷ്ട്ര മേളകളിലൊക്കെ കാഞ്ചീവരം പ്രദര്‍ശിപ്പിച്ചു തുടങ്ങിയപ്പൊഴേ അതിന്റെ ടൊറെന്റ് ഇറങ്ങി. എന്റെ നല്ല സുഹൃത്തായ വിനായകം പടം നെറ്റില്‍ നിന്ന് ഡൌണ്‍ലോഡും ചെയ്തു.( തമിഴ് പടങ്ങളൊക്കെ ഡൌണ്‍ലോഡ് ചെയ്യാന്‍ അസൈന്‍ ചെയ്തിരിക്കുന്നത് വിനായകത്തിനെ ആണ്). അങ്ങോര്‍ പടം ഡൌണ്‍ലോഡ് ചെയ്തിട്ട് എന്നെ വിളിച്ചു. “കാന്താ, ഞാന്‍ കാഞ്ചീവരം  ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്. അടുത്ത തവണ കാണുമ്പോള്‍ തരാം”. എനിക്ക് സന്തോഷമായി. 
പക്ഷേ, വിധി നിശ്ചയം മറ്റൊന്നായിരുന്നു. കാഞ്ചീവരം എനിക്ക് തരാന്‍ നില്‍ക്കാതെ നല്ലവനായ വിനായകം നമ്മളെയെല്ലാവരെയും വിട്ട്.... അമേരിക്കക്കാവില്‍ അങ്കം വെട്ടാന്‍ യാത്രയായി. പടവുംകാത്തിരുന്ന ഞാന്‍ സോമനായി! (ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍, നല്ലവനായ ആ വിനായകത്തിന്റെ ഹാപ്പി ബര്‍ത്ഡേ ആണ് ഇന്ന്. )


പിന്നീട് ഞാന്‍ സെര്‍ച് ചെയ്തെങ്കിലും എനിക്ക് കാഞ്ചീവരം  കിട്ടിയില്ല. ഒടുവില്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപനം ഒക്കെ വന്ന് കഴിഞ്ഞപ്പോള്‍ വീണ്ടും കാഞ്ചീവരം ടൊറന്റുകള്‍ ലഭ്യമായിത്തുടങ്ങി. അവസാനം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ ഇന്നലെ കാഞ്ചീവരം കണ്ടു. കണ്ട ഉടനെ ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല.മനസ്സിന്റെ സങ്കടം അതിനനുവദിച്ചില്ല. ചില സിനിമകള്‍ അങ്ങനെയാണ്. കാഴ്ചക്കാരനെ കഥാനായകന്റെ വേദനയിലേക്ക് വലിച്ചിറക്കിയിടും. കാഞ്ചീവരം അങ്ങനെയുള്ള ഒരു ചിത്രമാണ്. കാഞ്ചീവരം എന്നെങ്കിലും കാണാന്‍ സാധിക്കുകയാണെങ്കില്‍ പുതുമയോടെ തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവരെ വായന തുടരാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല.


ചിത്രം വരച്ചുകാട്ടുന്നത്, സ്വതന്ത്ര ഭാരതത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍, തമിഴ് നാട്ടിലെ കാഞ്ചീവരത്ത് പട്ടുകുപ്പായം (പ്രധാനമായും പട്ടുസാരി) നെയ്തിരുന്നവരുടെ ജീവിതമാണ്. പറയുന്ന കഥയോ, വെങ്കടം എന്ന ഒരു പാവം നെയ്ത്ത് തൊഴിലാളിയുടെ ജീവിതവും.


ചിത്രം ആരംഭിക്കുമ്പോള്‍(1949 കാലഘട്ടം) കാണിക്കുന്നത്, വൃദ്ധനായ വെങ്കടത്തെ (പ്രകാശ് രാജ്) പോലീസ് അകമ്പടിയോടെ പരോളില്‍ അയയ്ക്കുന്നതാണ്. കാഞ്ചീവരത്തേക്കുള്ള ബസ് യാത്രയില്‍ ഒരു ഫ്ലാഷ്ബാക്കായാണു ബാക്കിയുള്ള സംഭവങ്ങള്‍ നമ്മള്‍ കാണുക. വെങ്കടം, കാഞ്ചീവരത്തെ ഏറ്റവും മികച്ച പട്ട് നെയ്ത്തുകാരനാണ്. അയാള്‍ വിവാഹിതനാകുമ്പോള്‍ ഭാര്യയെ(ശ്രേയ) പട്ടുചേല ഉടുപ്പിച്ചു വേണം വീട്ടിലേക്ക് കൊണ്ടുവരേണ്ടത് എന്ന വെങ്കടത്തിന്റെ ആഗ്രഹം നടക്കുന്നില്ല. അവര്‍ക്കുണ്ടാകുന്ന പെണ്‍കുട്ടിയുടെ ചോറൂണിനു അവളുടെ കാതില്‍ വെങ്കടം നല്‍കുന്ന ഒരു വാഗ്ദാനമാണു ചിത്രത്തിന്റെ കാതല്‍. അവള്‍ വളര്‍ന്ന് വിവാഹിതയാകുന്ന സമയത്ത്, പട്ടുചേല ചുറ്റിയായിരിക്കും അവളെ അയയ്ക്കുക എന്നതായിരുന്നു വെങ്കടത്തിന്റെ വാഗ്ദാനം.


നെയ്ത്ത് തൊഴിലാളികള്‍ക്കു ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്, മരണസമയത്ത് കാല്‍ വിരല്‍ കൂട്ടിക്കെട്ടാന്‍ മാത്രം ഉള്ള അത്രയും പട്ടിന്റെ നൂലാണ്. അങ്ങനെയുള്ളവര്‍ക്ക് വെങ്കടത്തിന്റെ ഈ വാഗ്ദാനം അമ്പരപ്പാണ് ഉണ്ടാക്കുന്നത്. ഒടുവില്‍ തന്റെ വാക്ക് പാലിക്കാന്‍ ഗത്യന്തരമില്ലാതെ വെങ്കടത്തിന് ഒരു കള്ളനാകേണ്ടി വരുന്നു. മകള്‍ക്കുള്ള പട്ടുചേല നെയ്യാന്‍ അയാള്‍ നെയ്ത്ത് നടത്തുന്ന അമ്പലത്തില്‍ നിന്ന് ദിവസേന പട്ടുനൂല്‍ മോഷ്ടിക്കുകയാണ്. 
കാലം കടന്ന് പോകുന്നു, വെങ്കടത്തിന്റെ ഭാര്യ മരിക്കുന്നു, മകള്‍ വലുതാകുന്നു. വെങ്കടം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനും നേതാവുമാകുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നു. ഒടുവില്‍ നിനച്ചിരിക്കാതെ, മകളുടെ കല്യാണം പെട്ടെന്ന് നടത്തേണ്ടതായി വരുന്നു. അങ്ങനെ സുഹൃത്തുക്കളുടെ പോലും വെറുപ്പ് സമ്പാദിച്ചുകൊണ്ട് അയാള്‍ സമരം പിന്‍വലിക്കുന്നു. പതിനേഴ് വര്‍ഷമായി അയാള്‍ നടത്തുന്ന പട്ടുനൂല്‍ മോഷണം അതിന് ശേഷം പിടിക്കപ്പെടുന്നു. അങ്ങനെ വെങ്കടം ജയിലില്‍ ആകുന്ന സമയത്ത്, ഒരു അപകടം പറ്റി മകള്‍ ചലനശേഷി ഇല്ലാത്തവളായി മാറുന്നു. അവളെ കാണാനാണ് വെങ്കടത്തിന് രണ്ട് ദിവസത്തെ പരോള്‍ പോലീസ് അകമ്പടിയോടെ ലഭിക്കുന്നത്. ബന്ധുക്കളാല്‍ പോലും ഉപേക്ഷിക്കപ്പെട്ട മകള്‍ തന്റെ ജയില്‍ വാസ സമയത്ത് ആരോരുമില്ലാതെ ആയിപ്പോകുമല്ലോ എന്ന് മനസ്സിലാക്കുന്ന വെങ്കടം, അവളെ വിഷം കൊടുത്ത് കൊല്ലുന്നു. ഒടുവില്‍, തന്റെ മകളുടെ മൃതശരീരത്തില്‍, അത്രയും നാള്‍ അയാള്‍ രഹസ്യമായി നെയ്തുകൊണ്ടിരുന്ന പട്ടുചേല  വെട്ടിക്കീറിയെടുത്ത് പുതപ്പിക്കുകയാണ്. പക്ഷേ അവളുടെ മൃതശരീരത്തെ പൂര്‍ണമായി പുതയ്ക്കുവാനുള്ള നീളം അതിനില്ലെന്നു കണ്ട് വെങ്കടം ഭ്രാന്തനായി മാറുന്നിടത്ത് ചലച്ചിത്രം അവസാനിക്കുന്നു.


ചിത്രത്തിന്റെ ജീവനും ചൈതന്യവുമെല്ലാം പ്രകാശ് രാജ് ആണ്. ആ കഥാപാത്രത്തെ ഒരുപാട് സ്നേഹിച്ച് പൊയി ഞാ‍ന്‍. ഓരോ ചിത്രം കഴിയുന്തോറും പ്രകാശ് രാജിനോടുള്ള എന്റെ ഇഷ്ടം കൂടിക്കൂടി വരികയാണ്.
പ്രിയദര്‍ശന്‍ വളരെ സത്യസന്ധമായി ഈ സിനിമ എടുത്തിട്ടുണ്ട്. “എന്റെ ഹൃദയം കൊണ്ടാണ് ഞാനീ ചലച്ചിത്രം എടുത്തതെ”ന്ന് അദ്ധേഹം പറഞ്ഞത് സത്യമാണെന്ന് കാഞ്ചീവരം കാണുമ്പോള്‍ നമുക്ക് മനസ്സിലാകും. ക്യാമറാമാന്‍ തിരു, ഭംഗിയായി ഈ കഥയെ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇതിന്റെ കളര്‍ ടോണ്‍, മഴയത്ത് ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ - ഇവയെല്ലാം എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. എം.ജി.ശ്രീകുമാറിന്റെ സംഗീതവും (പശ്ചാത്തലം ഉള്‍പ്പെടെ) ഒന്നാന്തരമാണ്. ചിത്രത്തിലെ ഒരേയൊരു ഗാനമായ ‘പൊന്നൂഞ്ചല്‍ തൊട്ടിലിലേ’ കേള്‍ക്കുമ്പോള്‍ പഴയ അരവിന്ദന്‍ ചിത്രമായ ‘കുമ്മാട്ടി’യിലെ ‘കറു കറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറീയെഴുന്നള്ളും മൂര്‍ത്തേ’ എന്ന ഗാനത്തെ, അതറിയാവുന്നവര്‍ പുഞ്ചിരിയോടെ സ്മരിക്കും. (അതിന്റെ സംഗീത സംവിധായകന്‍ ഇതിന്റെ സംഗീതസംവിധായകന്റെ ജ്യേഷ്ഠ്നാണ്).


ചിത്രത്തില്‍ വെങ്കടത്തിന്റെ മകളുടെ ചോറൂണിന്റെ സമയത്താണ് ഈ ഗാനം വരുന്നത്. ഒടുവില്‍ തന്റെ മകള്‍ക്ക് ചോറില്‍ വിഷം കലക്കി വെങ്കടം ഊട്ടുമ്പൊഴും പശ്ചാത്തലത്തില്‍ ഈ ഗാനം വരും. (ആ സീനില്‍ ഞാന്‍ കരഞ്ഞു). സിനിമ കണ്ടു കഴിഞ്ഞും കുറെ നേരത്തേക്ക് എന്റെ മനസ്സ് നിറയെ വെങ്കടത്തിന്റെ വേദനയായിരുന്നു. (അത് പ്രകാശ് രാജിന്റെ വിജയം). പിന്നെ കണ്ടവരുടെയൊക്കെ സിനിമ സ്വന്തം പേരില്‍ വേറെ ഭാഷയില്‍ മാറ്റിയെടുക്കുന്ന പ്രിയദര്‍ശനോടുള്ള എന്റെ ദേഷ്യം കഞ്ചീവരം കണ്ടതോടെ തല്‍ക്കാലത്തേക്ക് ഇല്ലാതായി. അങ്ങോര്‍ക്ക് വളരെ നല്ല സിനിമ സ്വന്തമായി എടുക്കാന്‍ പറ്റും.


എന്റെ പ്രിയപ്പെട്ടവരേ, കാണാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ ഈ ചിത്രം കാണുക. ഇത് ഒരു നല്ല, സത്യസന്ധമായ ചിത്രമാണ്.


(പിന്നെ നല്ലവനായ എന്റെ സുഹൃത്ത് വിനായകം എന്ന് അവിടെയും ഇവിടെയും പറഞ്ഞത്, അങ്ങോരെ ആക്കാന്‍ വേണ്ടിയല്ല. ശരിക്കും നല്ലവനാണ് വിനായകം. എന്റെ സുഹൃത്തുക്കളൊക്കെ നല്ലവരാണ്).