ഏകദേശം 3 കൊല്ലം മുന്‍പാണെന്നു തോന്നുന്നു, പ്രിയദര്ശന് തന്റെ സ്വപ്ന സിനിമയായ കഞ്ചീവരത്തെക്കുറിച്ച് സംവദിക്കുന്നതു ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ചില സമയത്തൊക്കെ എനിക്ക് ചില വെളിപാടുകള്‍ ഉണ്ടാകാറുണ്ട്. ഷാജി.എന്‍.കരുണ്‍ വാനപ്രസ്ഥം എടുക്കാന്‍ പൊകുന്നുവെന്നു കേട്ടപ്പോള്‍ ഞാന്‍ പ്രവചിച്ചതാണു, മോഹന്‍ലാലിനു ദേശീയ അവാര്‍ഡ് കിട്ടുമെന്ന്. (സത്യം!). പ്രകാശ് രാജാണ് തന്റെ കഥയിലെ നായകനെ അവതരിപ്പിക്കുന്നതെന്നു പ്രിയന് പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും പ്രവചിച്ചു - പ്രകാശ് രാജിന് ദേശീയ അവാര്‍ഡ് കിട്ടുമെന്ന്. (സത്യം!). പിന്നെ നടന്നത് ചരിത്രം! :)
ബാങ്ക്ലൂര്‍ വന്നതിനു ശേഷമാണു ഞാന്‍ ഇറങ്ങുന്ന പടങ്ങളൊക്കെ തിയറ്ററില്‍ പോയി കാണാന്‍ തുടങ്ങിയത്. ഇവിടെ റിലീസ് ചെയ്യാത്ത പടങ്ങളൊക്കെ ഡൌണ്‍ലോഡ് ചെയ്ത് കാണും. കാഞ്ചീവരം എന്തായാലും ബാങ്ക്ലൂരില്‍ ഏതെങ്കിലും തിയറ്ററില്‍ നിന്നു കാണാമെന്ന പ്രതീക്ഷ എനിക്കു തീരെ ഉണ്ടായിരുന്നില്ല. പ്രിയദര്ശന് പടത്തിന്റെ ഷൂട്ടിങ്ങും കഴിഞ്ഞ് അന്താരാഷ്ട്ര മേളകളിലൊക്കെ കാഞ്ചീവരം പ്രദര്‍ശിപ്പിച്ചു തുടങ്ങിയപ്പൊഴേ അതിന്റെ ടൊറെന്റ് ഇറങ്ങി. എന്റെ നല്ല സുഹൃത്തായ വിനായകം പടം നെറ്റില്‍ നിന്ന് ഡൌണ്‍ലോഡും ചെയ്തു.( തമിഴ് പടങ്ങളൊക്കെ ഡൌണ്‍ലോഡ് ചെയ്യാന്‍ അസൈന്‍ ചെയ്തിരിക്കുന്നത് വിനായകത്തിനെ ആണ്). അങ്ങോര് പടം ഡൌണ്‍ലോഡ് ചെയ്തിട്ട് എന്നെ വിളിച്ചു. “കാന്താ, ഞാന്‍ കാഞ്ചീവരം ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ട്. അടുത്ത തവണ കാണുമ്പോള്‍ തരാം”. എനിക്ക് സന്തോഷമായി.
പക്ഷേ, വിധി നിശ്ചയം മറ്റൊന്നായിരുന്നു. കാഞ്ചീവരം എനിക്ക് തരാന്‍ നില്‍ക്കാതെ നല്ലവനായ വിനായകം നമ്മളെയെല്ലാവരെയും വിട്ട്.... അമേരിക്കക്കാവില് അങ്കം വെട്ടാന്‍ യാത്രയായി. പടവുംകാത്തിരുന്ന ഞാന്‍ സോമനായി! (ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍, നല്ലവനായ ആ വിനായകത്തിന്റെ ഹാപ്പി ബര്ത്ഡേ ആണ് ഇന്ന്. )
പിന്നീട് ഞാന്‍ സെര്‍ച് ചെയ്തെങ്കിലും എനിക്ക് കാഞ്ചീവരം കിട്ടിയില്ല. ഒടുവില്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപനം ഒക്കെ വന്ന് കഴിഞ്ഞപ്പോള്‍ വീണ്ടും കാഞ്ചീവരം ടൊറന്റുകള്‍ ലഭ്യമായിത്തുടങ്ങി. അവസാനം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ ഇന്നലെ കാഞ്ചീവരം കണ്ടു. കണ്ട ഉടനെ ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല.മനസ്സിന്റെ സങ്കടം അതിനനുവദിച്ചില്ല. ചില സിനിമകള്‍ അങ്ങനെയാണ്. കാഴ്ചക്കാരനെ കഥാനായകന്റെ വേദനയിലേക്ക് വലിച്ചിറക്കിയിടും. കാഞ്ചീവരം അങ്ങനെയുള്ള ഒരു ചിത്രമാണ്. കാഞ്ചീവരം എന്നെങ്കിലും കാണാന്‍ സാധിക്കുകയാണെങ്കില്‍ പുതുമയോടെ തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവരെ വായന തുടരാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല.
ചിത്രം വരച്ചുകാട്ടുന്നത്, സ്വതന്ത്ര ഭാരതത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍, തമിഴ് നാട്ടിലെ കാഞ്ചീവരത്ത് പട്ടുകുപ്പായം (പ്രധാനമായും പട്ടുസാരി) നെയ്തിരുന്നവരുടെ ജീവിതമാണ്. പറയുന്ന കഥയോ, വെങ്കടം എന്ന ഒരു പാവം നെയ്ത്ത് തൊഴിലാളിയുടെ ജീവിതവും.
ചിത്രം ആരംഭിക്കുമ്പോള്‍(1949 കാലഘട്ടം) കാണിക്കുന്നത്, വൃദ്ധനായ വെങ്കടത്തെ (പ്രകാശ് രാജ്) പോലീസ് അകമ്പടിയോടെ പരോളില്‍ അയയ്ക്കുന്നതാണ്. കാഞ്ചീവരത്തേക്കുള്ള ബസ് യാത്രയില്‍ ഒരു ഫ്ലാഷ്ബാക്കായാണു ബാക്കിയുള്ള സംഭവങ്ങള്‍ നമ്മള് കാണുക. വെങ്കടം, കാഞ്ചീവരത്തെ ഏറ്റവും മികച്ച പട്ട് നെയ്ത്തുകാരനാണ്. അയാള്‍ വിവാഹിതനാകുമ്പോള്‍ ഭാര്യയെ(ശ്രേയ) പട്ടുചേല ഉടുപ്പിച്ചു വേണം വീട്ടിലേക്ക് കൊണ്ടുവരേണ്ടത് എന്ന വെങ്കടത്തിന്റെ ആഗ്രഹം നടക്കുന്നില്ല. അവര്‍ക്കുണ്ടാകുന്ന പെണ്‍കുട്ടിയുടെ ചോറൂണിനു അവളുടെ കാതില്‍ വെങ്കടം നല്കുന്ന ഒരു വാഗ്ദാനമാണു ചിത്രത്തിന്റെ കാതല്‍. അവള് വളര്‍ന്ന് വിവാഹിതയാകുന്ന സമയത്ത്, പട്ടുചേല ചുറ്റിയായിരിക്കും അവളെ അയയ്ക്കുക എന്നതായിരുന്നു വെങ്കടത്തിന്റെ വാഗ്ദാനം.
നെയ്ത്ത് തൊഴിലാളികള്‍ക്കു ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്, മരണസമയത്ത് കാല് വിരല്‍ കൂട്ടിക്കെട്ടാന്‍ മാത്രം ഉള്ള അത്രയും പട്ടിന്റെ നൂലാണ്. അങ്ങനെയുള്ളവര്‍ക്ക് വെങ്കടത്തിന്റെ ഈ വാഗ്ദാനം അമ്പരപ്പാണ് ഉണ്ടാക്കുന്നത്. ഒടുവില്‍ തന്റെ വാക്ക് പാലിക്കാന്‍ ഗത്യന്തരമില്ലാതെ വെങ്കടത്തിന് ഒരു കള്ളനാകേണ്ടി വരുന്നു. മകള്‍ക്കുള്ള പട്ടുചേല നെയ്യാന്‍ അയാള്‍ നെയ്ത്ത് നടത്തുന്ന അമ്പലത്തില്‍ നിന്ന് ദിവസേന പട്ടുനൂല്‍ മോഷ്ടിക്കുകയാണ്.
കാലം കടന്ന് പോകുന്നു, വെങ്കടത്തിന്റെ ഭാര്യ മരിക്കുന്നു, മകള്‍ വലുതാകുന്നു. വെങ്കടം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനും നേതാവുമാകുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി സമരം ചെയ്യുന്നു. ഒടുവില്‍ നിനച്ചിരിക്കാതെ, മകളുടെ കല്യാണം പെട്ടെന്ന് നടത്തേണ്ടതായി വരുന്നു. അങ്ങനെ സുഹൃത്തുക്കളുടെ പോലും വെറുപ്പ് സമ്പാദിച്ചുകൊണ്ട് അയാള്‍ സമരം പിന്‍വലിക്കുന്നു. പതിനേഴ് വര്‍ഷമായി അയാള്‍ നടത്തുന്ന പട്ടുനൂല്‍ മോഷണം അതിന് ശേഷം പിടിക്കപ്പെടുന്നു. അങ്ങനെ വെങ്കടം ജയിലില്‍ ആകുന്ന സമയത്ത്, ഒരു അപകടം പറ്റി മകള്‍ ചലനശേഷി ഇല്ലാത്തവളായി മാറുന്നു. അവളെ കാണാനാണ് വെങ്കടത്തിന് രണ്ട് ദിവസത്തെ പരോള്‍ പോലീസ് അകമ്പടിയോടെ ലഭിക്കുന്നത്. ബന്ധുക്കളാല്‍ പോലും ഉപേക്ഷിക്കപ്പെട്ട മകള്‍ തന്റെ ജയില്‍ വാസ സമയത്ത് ആരോരുമില്ലാതെ ആയിപ്പോകുമല്ലോ എന്ന് മനസ്സിലാക്കുന്ന വെങ്കടം, അവളെ വിഷം കൊടുത്ത് കൊല്ലുന്നു. ഒടുവില്‍, തന്റെ മകളുടെ മൃതശരീരത്തില്‍, അത്രയും നാള് അയാള്‍ രഹസ്യമായി നെയ്തുകൊണ്ടിരുന്ന പട്ടുചേല വെട്ടിക്കീറിയെടുത്ത് പുതപ്പിക്കുകയാണ്. പക്ഷേ അവളുടെ മൃതശരീരത്തെ പൂര്‍ണമായി പുതയ്ക്കുവാനുള്ള നീളം അതിനില്ലെന്നു കണ്ട് വെങ്കടം ഭ്രാന്തനായി മാറുന്നിടത്ത് ചലച്ചിത്രം അവസാനിക്കുന്നു.
ചിത്രത്തിന്റെ ജീവനും ചൈതന്യവുമെല്ലാം പ്രകാശ് രാജ് ആണ്. ആ കഥാപാത്രത്തെ ഒരുപാട് സ്നേഹിച്ച് പൊയി ഞാന്‍. ഓരോ ചിത്രം കഴിയുന്തോറും പ്രകാശ് രാജിനോടുള്ള എന്റെ ഇഷ്ടം കൂടിക്കൂടി വരികയാണ്.
പ്രിയദര്ശന് വളരെ സത്യസന്ധമായി ഈ സിനിമ എടുത്തിട്ടുണ്ട്. “എന്റെ ഹൃദയം കൊണ്ടാണ് ഞാനീ ചലച്ചിത്രം എടുത്തതെ”ന്ന് അദ്ധേഹം പറഞ്ഞത് സത്യമാണെന്ന് കാഞ്ചീവരം കാണുമ്പോള്‍ നമുക്ക് മനസ്സിലാകും. ക്യാമറാമാന് തിരു, ഭംഗിയായി ഈ കഥയെ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇതിന്റെ കളര്‍ ടോണ്‍, മഴയത്ത് ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ - ഇവയെല്ലാം എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. എം.ജി.ശ്രീകുമാറിന്റെ സംഗീതവും (പശ്ചാത്തലം ഉള്‍പ്പെടെ) ഒന്നാന്തരമാണ്. ചിത്രത്തിലെ ഒരേയൊരു ഗാനമായ ‘പൊന്നൂഞ്ചല്‍ തൊട്ടിലിലേ’ കേള്‍ക്കുമ്പോള്‍ പഴയ അരവിന്ദന് ചിത്രമായ ‘കുമ്മാട്ടി’യിലെ ‘കറു കറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറീയെഴുന്നള്ളും മൂര്‍ത്തേ’ എന്ന ഗാനത്തെ, അതറിയാവുന്നവര്‍ പുഞ്ചിരിയോടെ സ്മരിക്കും. (അതിന്റെ സംഗീത സംവിധായകന് ഇതിന്റെ സംഗീതസംവിധായകന്റെ ജ്യേഷ്ഠ്നാണ്).
ചിത്രത്തില്‍ വെങ്കടത്തിന്റെ മകളുടെ ചോറൂണിന്റെ സമയത്താണ് ഈ ഗാനം വരുന്നത്. ഒടുവില്‍ തന്റെ മകള്‍ക്ക് ചോറില്‍ വിഷം കലക്കി വെങ്കടം ഊട്ടുമ്പൊഴും പശ്ചാത്തലത്തില്‍ ഈ ഗാനം വരും. (ആ സീനില്‍ ഞാന്‍ കരഞ്ഞു). സിനിമ കണ്ടു കഴിഞ്ഞും കുറെ നേരത്തേക്ക് എന്റെ മനസ്സ് നിറയെ വെങ്കടത്തിന്റെ വേദനയായിരുന്നു. (അത് പ്രകാശ് രാജിന്റെ വിജയം). പിന്നെ കണ്ടവരുടെയൊക്കെ സിനിമ സ്വന്തം പേരില്‍ വേറെ ഭാഷയില്‍ മാറ്റിയെടുക്കുന്ന പ്രിയദര്‍ശനോടുള്ള എന്റെ ദേഷ്യം കഞ്ചീവരം കണ്ടതോടെ തല്‍ക്കാലത്തേക്ക് ഇല്ലാതായി. അങ്ങോര്‍ക്ക് വളരെ നല്ല സിനിമ സ്വന്തമായി എടുക്കാന്‍ പറ്റും.
എന്റെ പ്രിയപ്പെട്ടവരേ, കാണാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ ഈ ചിത്രം കാണുക. ഇത് ഒരു നല്ല, സത്യസന്ധമായ ചിത്രമാണ്.
(പിന്നെ നല്ലവനായ എന്റെ സുഹൃത്ത് വിനായകം എന്ന് അവിടെയും ഇവിടെയും പറഞ്ഞത്, അങ്ങോരെ ആക്കാന്‍ വേണ്ടിയല്ല. ശരിക്കും നല്ലവനാണ് വിനായകം. എന്റെ സുഹൃത്തുക്കളൊക്കെ നല്ലവരാണ്).
ഒരു കൊച്ചുകുട്ടിയെ പോലെ, ജീവിതം എഴുതിക്കൊണ്ടിരിക്കുമ്പോള് ഞാന്‍ വരുത്തുന്ന അക്ഷരത്തെറ്റുകള്‍. കുസൃതി നിറഞ്ഞ... ചിരിപ്പിക്കുന്ന, ദേഷ്യം പിടിപ്പിക്കുന്ന ... ചിലപ്പോളൊക്കെ വേദനിപ്പിക്കുന്ന ചില ചെറിയ അക്ഷരത്തെറ്റുകള്‍...
Tuesday, October 20, 2009
Monday, October 12, 2009
ഒരു ഫോണ്‍ കോള്‍
പണ്ടു മുതലേ വീട്ടില്‍ ഞങ്ങള്‍ പിള്ളേരും പിന്നെ അച്ഛനും അമ്മയും തമ്മില്‍ വഴക്കു നടക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. പത്രത്തിലൊക്കെ ചിലപ്പോള്‍ വാര്‍ത്ത വരാറില്ലേ, കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു എന്നൊക്കെ... അങ്ങനെ പത്രത്തിലോ ടിവിയിലോ വാര്‍ത്ത വരുന്ന ദിവസം, അച്ഛനോ അമ്മയോ അങ്ങു തുടങ്ങും - അല്ലെങ്കിലും ഈ പിള്ളേര്‍ക്കൊക്കെ മൊട ഇളകിയിട്ടാണല്ലോ ഈ വെള്ളത്തില്‍ ചെന്നു ചാടുന്നത്. ഇതു കേട്ടാല്‍ എനിക്കു ചൊറിഞ്ഞു വരും. “ഇതു കൊള്ളാം, നിങ്ങള്‍ പറയുന്നതു കേട്ടാല്‍ തോന്നും അവരു ചാകാന്‍ വേണ്ടി ചാടുന്നതാണെന്നു!”, എന്നു പറഞ്ഞു ഞാനും തുടങ്ങും. അതു പിന്നെ വല്യ തര്‍ക്കമാവും. ഒടുവില്‍, നിര്‍ത്തെടാ ചെറ്ക്കാ, നിന്നോടൊന്നും വായിട്ടലച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ് ആ തര്‍ക്കം അവസാനിക്കും. അമ്മയാണു ഈ കാര്യത്തില്‍ കുറച്ചും കൂടി കടുപ്പം. അച്ഛന് കൂടീപ്പോയാല് തന്തയ്ക്കു വിളിക്കും. വിളിക്കുന്നതു അച്ഛന് തന്നെ ആയതു കൊണ്ടു ഞാനങ്ങു ക്ഷമിക്കും :). ഇവരുടെ ഈ സ്വഭാവം കാരണം ഞങ്ങളെ പണ്ട് തൊട്ടേ എക്സ്കര്ഷനൊക്കെ വിടാന്‍ മടിയായിരുന്നു. ടൂര്‍ പോയിട്ടു ഞങ്ങളെങ്ങാനും എവിടെയെങ്കിലും പോയി മുങ്ങിച്ചത്തുകളഞ്ഞാലോ. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തു ഒരിക്കലും ടൂര്‍ പോയിട്ടില്ല. മാത്രമല്ല, വല്ലവരും ഇതിനൊക്കെ പോയി മുങ്ങി മരിക്കുന്നതിനു ഞങ്ങളുടെ വീട്ടില്‍ മുറയ്ക്കു വഴക്കു നടക്കുമായിരുന്നു.
കാലം കുറെ കഴിഞ്ഞു. ഞാനൊരു ജോലിക്കാരനൊക്കെ ആയി. എനിക്കൊക്കെ ഇനി എന്തും ആകാം എന്ന അവസ്ഥയായി. അങ്ങനെയാണു പതുക്കെ പതുക്കെ ഫ്രണ്ട്സുമായി പല ട്രിപ്പുകള്‍ക്കും പോകാന്‍ തുടങ്ങിയതു. പക്ഷേ ഇപ്പൊഴും, പോകുന്നതു വല്ല കടല്‍ കാണാനോ, വെള്ളച്ചാട്ടം കാണാനോ ആണെങ്കില്‍, അമ്മയ്ക്കു പേടിയാണു. “മക്കളെ, സൂക്ഷിച്ചൊക്കെ, പോണേ, വെള്ളത്തിലൊന്നും അധികം ഇറങ്ങരുതേ”, എന്നു പറയും. ചെലപ്പൊ എനിക്കു ചിരി വരും, ചെലപ്പൊ ദേഷ്യവും. അച്ഛന് ‘റഫ് ആന്‍ഡ് ടഫ്’ ആണ്. “ നീയൊക്കെ പോയി ചത്താലും എനിക്കൊരു പുല്ലും ഇല്ലെഡേ” എന്നൊക്കെ കണ്ണീച്ചോരയില്ലാതെ പറഞ്ഞുകളയും!
അങ്ങനെയിരിക്കേ, ഇക്കഴിഞ്ഞ ആഴ്ച്ച, ഗോവയ്ക്കു പോകാന്‍, ഞാനും എന്റെ നല്ലവരായ ചില സുഹൃത്തുക്കളും കൂടി തീരുമാനിച്ചു. പോകുന്നതിന്റെ തലേ ദിവസം വീട്ടില്‍ വിളിച്ചിട്ടു പറഞ്ഞു - “ അമ്മാ, ഞാന്‍ നാളെ ഗോവന്‍ കടാപ്പൊറം കാണാന്‍ പോണേണ്.” അമ്മയ്ക്കു പേടിയായി - “ മക്കളേ, സൂക്ഷിച്ചൊക്കെ പോണേ..., വെള്ളത്തിലൊന്നും അധികം ഇറങ്ങാന്‍ നില്‍ക്കണ്ട”. “ശരിയമ്മാ” - ഞാന്‍ അമ്മയ്ക്കു സമാധാനമായിക്കോട്ടേന്നു വിചാരിച്ചു സമ്മതിച്ചു. “ഫോണ്‍ തമ്പിക്ക് കൊടുക്കമ്മാ” . അമ്മ അനിയന്റെ കൈയില്‍ ഫോണ്‍ കൊടുത്തു. അവന് പറഞ്ഞു- “ചേട്ടാ, എനിക്കൊരു കാര്യം പറയാനുണ്ട്. അമ്മയുടെ മുന്നില്‍ വച്ചു പറയാന്‍ പറ്റില്ല. ഞാന്‍ നാളെ വിളിക്കാം”. അവന് ഇങ്ങനെ പല നമ്പരും ഇറക്കാറുള്ളതു കൊണ്ടു അമ്മ മൈന്‍ഡ് ചെയ്തില്ല.
ഞാന്‍ ഗോവയ്ക്കു പോകുന്ന ദിവസം രാവിലെ അവന് വിളിച്ചു. “ചേട്ടാ, ചേട്ടന് വെള്ളത്തിലൊന്നും അധികം ഇറങ്ങരുതു കേട്ടൊ”- അവന് പറഞ്ഞതു കേട്ടു ഞാന്‍ അന്ധാളിച്ചു പോയി.നമ്മളെ ഉപദേശിക്കാന്‍ മാത്രം ഇവന് വളര്‍ന്നോ!
“എന്തരെഡെയ്, പുതിയ ഉപദേശങ്ങളൊക്കെ?”.
“അതല്ല ചേട്ടാ, ഞാന്‍ കാര്യമായിട്ടു പറഞ്ഞതാ”.
ഞാന്‍ ചിരിച്ചു.
“ചേട്ടാ, കഴിഞ്ഞ ആഴ്ച്ച ഞാന്‍ മുങ്ങി മരിക്കേണ്ടതായിരുന്നു”.
എന്റെ ചിരി മാഞ്ഞു.
അതേ ചേട്ടാ. അവന് സംഭവം വിവരിക്കാന്‍ തുടങ്ങി.
(അവന്, തൃശ്ശൂരില്‍ ഒരു സ്റ്റുഡിയോയില്‍. സൌണ്ട് എഞ്ജിനിയറിംഗ് പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞെങ്കിലും, സ്റ്റുഡിയോയില്‍ ഇടയ്ക്കു അസ്സിസ്റ്റ് ചെയ്യാന്‍ പോകും.)
“ചേട്ടാ, ഞാനും പിന്നെ കുറച്ചു പിള്ളേരും കൂടി, സാധാരണ പോകാറുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. മഴ ഒരുപാടു പെയ്തിരുന്നതു കൊണ്ട് വെള്ളം കയറി കിടക്കുകയായിരുന്നു.സാധാരണ ഇറങ്ങാറുള്ള ലെവല്‍ കാണാനുണ്ടായിരുന്നില്ല. പെട്ടെന്നൊരു സ്റ്റെപ് എടുത്തു വച്ചപ്പൊള്‍ ഞാനങ്ങു മുങ്ങിപ്പോയി. കൂടെയുള്ളവര്‍ ശ്രദ്ധിച്ചില്ല. ഞാനങ്ങു മുങ്ങി പോയി. കൈയും കാലും ഇട്ടടിച്ചിട്ടൊന്നും ഒരു കാര്യവുമുണ്ടായിരുന്നില്ല. അവസാനം എനിക്കു മനസ്സിലായി - ശ്ശെടാ, ഞാന്‍ മരിക്കാന്‍ പൊവുകയാണല്ലോന്ന്. എനിക്കു കരച്ചില് വന്നു. പക്ഷേ പെട്ടെന്നു ഒരു ജൂനിയര്‍ പയ്യന് എന്റെ കൈയില്‍ പിടിച്ചു പൊക്കിയെടുത്തു. ഇല്ലായിരുന്നെങ്കില്‍, ഇതിപ്പൊ ചേട്ടനോട് പറയാന്‍ ഞാന്‍ കാണില്ലായിരുന്നു”.
എനിക്ക് പെട്ടെന്നൊന്നും പറയാന്‍ സാധിച്ചില്ല.
“ചേട്ടനൊന്ന് ആലോചിച്ചു നോക്കിയേ, അങ്ങനെ വല്ലതും ഞാന്‍ മരിച്ചിരുന്നെങ്കില്‍ അതൊരു അനാവശ്യ മരണം ആയിപ്പോകുമായിരുന്നില്ലേ?” - അവന് കോമഡി ഇറക്കി.
“അതേ അതേ, എനിക്ക് ഗോവയിലും പോകാന്‍ പറ്റില്ലായിരുന്നു” - ഞാനും ചിരിച്ചു.
“അതുകൊണ്ട് ചേട്ടന് വെള്ളത്തിലൊന്നും അധികം ഇറ്ങ്ങാന്‍ നില്ക്കരുതേ”.
“എടാ, അതിനു ഞാനങ്ങനെ വെള്ളത്തിലൊന്നും അധികം ഇറങ്ങാറില്ലാത്ത ടൈപ്പ് ആണെന്നു നിനക്കു അറിഞ്ഞുകൂടെ”.
“അതിപ്പൊ, ഞാനും അങ്ങനത്തെ ടൈപ്പ് അല്ലെന്ന് ചേട്ടനും അറിഞ്ഞുകൂടെ? എന്നിട്ടും എനിക്കിതു സംഭവിച്ചില്ലേ. ചേട്ടാ, പ്ലീസ്”.
“ശരിയെടാ, ഞാന്‍ ഇറങ്ങില്ല”. ഞാന്‍ വാക്ക് കൊടുത്തു.
“ചേട്ടാ, അമ്മയോടിതു പറഞ്ഞിട്ടില്ല. അറിഞ്ഞാല്‍ കൊന്നുകളയും.”
“ശരിയെടാ എന്നാല്‍” - ഞാന്‍ കോള്‍ കട്ട് ചെയ്തു.
എന്താണു കേട്ടതെന്നു ആലോചിക്കുന്തോറും, എന്റെ നെഞ്ചിടിപ്പ് കൂടി. തമ്പി കൂടെയില്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കി. ഒരു ജൂനിയറിന്റെ കൈ കൊടുത്ത് നീ അവനെ രക്ഷപെടുത്തിയില്ലായിരുന്നെങ്കില്‍, ദൈവമേ! അവന് ഇപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടാകുമായിരുന്നില്ല. പാവം എന്റെ അമ്മ തകര്‍ന്നു പോയേനെ. അങ്ങനെയൊന്നും സംഭവിക്കാത്തതിനു ദൈവത്തിനു വീണ്ടും നന്ദി പറഞ്ഞു.
പിന്നീട് ഞാന്‍ ആലോചിച്ചു- ഓരോ അപകടങ്ങളിലും പെട്ട് ഏതെങ്കിലും ഒരു കുട്ടി മരിക്കുമ്പോള്‍, അതു സംഭവിക്കുന്നതു എന്റെ മക്കള്‍ക്കാണെങ്കിലോ എന്ന് സങ്കല്പ്പിക്കുമ്പോഴുണ്ടാകുന്ന ആശങ്ക - അതാണ് അച്ഛനെയും അമ്മയെയും കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. ഒരു പക്ഷേ തമ്പിയെ രക്ഷിച്ചത് വെറുതെയിരിക്കുമ്പൊഴൊക്കെ പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ പുണ്യമാകാം. എന്തായാലും, ഞാനെന്റെ അനിയന്റെ വാക്കുകള്‍ അനുസരിച്ചു. കടലില്‍ ഒന്നും ഇറങ്ങാതെ തീരത്തുനിന്ന് ഒരു പാപ്പരാസിയെ പോലെ കണ്ട പെങ്കുട്ട്യോള്ടെയൊക്കെ കളര്‍ പടങ്ങള്‍ എടുത്തുകൊണ്ട് നടന്നു. :)
Labels:
അനുഭവം
Subscribe to:
Posts (Atom)