Sunday, November 21, 2010

25 ഔട്ട് ഓഫ് 50 - ഭാഗം 1

പത്ത് പന്ത്രണ്ട് കൊല്ലങ്ങള്‍ക്കു മുന്‍പ് ഒരു എട്ടാം ക്ലാസുകാരന്‍ അവന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിട്ടു - “ ഇന്ന് ഇംഗ്ലീഷ് സെക്കന്‍ഡിന്റെ പേപ്പര്‍ കിട്ടി. അമ്പതിന് നാല്പത്തിയാറു മാര്‍ക്കേ ഉള്ളൂ ... നാലു മാര്‍ക്ക് എങ്ങനെയാണു പോയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. എവിടെയാണെനിക്ക് പിഴച്ചത്? മറിയക്കുട്ടി ടീച്ചര്‍ മനപ്പൂര്‍വം നാലു മാര്‍ക്ക് കുറച്ചതാണ്.” .... (!!!)

ഈ പോസ്റ്റ് ആ ഡയറി എഴുതിയ അലവലാതിയെക്കുറിച്ചല്ല.  അവന്റെ അനുജനായി ജനിച്ചുപോയ ഹതഭാഗ്യനെക്കുറിച്ചാണ്. പഠിപ്പിസ്റ്റുകളായ കുട്ടികളുടെ ഇളയ സഹോദരങ്ങളായി ജനിച്ച ഒരൊറ്റ കുറ്റം കാരണം ബാല്യം നിറംകെട്ട് പോയ ആയിരക്കണക്കിന് കുട്ടികളുടെ കണ്ണീരിനുമുന്നില്‍ ഞാനീ  പോസ്റ്റ് സമര്‍പ്പിക്കുന്നു :)

കഥ നടന്നത് 1997 ഒക്ടോബര്‍ 6-ന് ആയിരുന്നു.  അന്ന് ഞാന്‍ 8-ല്‍ പഠിക്കുന്നു. തമ്പി 5ലും.  ഓ, സോറി... ഈ ഫ്ലാഷ്ബാക്കിനും ഒരു ഫ്ലാഷ്ബാക്കുണ്ട്.

ചെറുപ്പം തൊട്ടേ ഞാനും തമ്പിയും ക്ലാസ്സിലെ ഒന്നാം റാങ്കുകാരായിരുന്നു. അച്ഛനും അമ്മയും അവര്‍ക്കു നേടാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസം ഞങ്ങള്‍ നേടണം എന്ന കലശലായ ആഗ്രഹം കാരണം ഞങ്ങളുടെ പഠിപ്പിന്റെ കാര്യത്തില്‍ ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. എല്ലാ പരീക്ഷകള്‍ക്കും ഫുള്‍ മാര്‍ക്ക് ... അതാണ് അവര്‍ ഞങ്ങള്‍ക്ക് തന്നിട്ടുള്ള ലക്ഷ്യം.  പരീക്ഷാപ്പേപ്പര്‍ കിട്ടുമ്പോള്‍ 50നു 50 ഉണ്ടെങ്കില്‍ അവര്‍ക്കു സന്തോഷം, 49, 48 ഒക്കെ ആണെങ്കില്‍, ങാ,  കുഴപ്പമില്ല, അടുത്ത തവണ ഫുള്‍ വാങ്ങിയാല്‍ മതി... 47 ആണേല്‍ മുഖം കറുക്കും. 46 ആന്റ് ബിലോ - ഒച്ചപ്പാടും ബഹളവുമാവും, ചെലപ്പോ തല്ലു കിട്ടും ... പരീക്ഷയ്ക്ക് 46 കിട്ടുന്ന ദിവസങ്ങളിലൊക്കെ വീട്ടിലേക്ക് പോകാന്‍ തന്നെ പേടിയായിരുന്നു.  ഞാന്‍ പത്താം ക്ലാസ് വരെ ഒട്ടുമിക്ക പരീക്ഷകളിലും 50,49,48.. പിന്നെ വിരളമായി 47. തമ്പി ചെറിയ ക്ലാസ്സിലോക്കെ ഫുള്‍ മാര്‍ക്ക് വാങ്ങുമായിരുന്നു. അവന്റെ ഓരോ ഘട്ടത്തിലും ഞാനുമായുള്ള കമ്പാരിസന്‍ പ്രകടമായിത്തന്നെ ഉണ്ടായിരുന്നു. ഫോര്‍ എക്സാമ്പിള്‍, അവന്‍ 3-ല്‍ പഠികുമ്പോള്‍ സോഷ്യല്‍ സ്റ്റഡീസിന് 48/50 കിട്ടിയപ്പോള്‍ അവനോട് അമ്മ പറഞ്ഞത് - “ കാന്തന് 3-ല്‍ ഓണപ്പരീക്ഷയ്ക്ക് സോഷ്യലിന് 49/50 ആയിരുന്നു. നീയെന്താ ഉഴപ്പിയത്?“ !!! അതുപോലെ തിരിച്ചും ഉണ്ടായിരുന്നു - “കാന്തന് 4-ആം ക്ലാസ്സില്‍ ഈ വിഷയത്തിന് 48 മാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ... തമ്പിക്ക് ഫുള്‍ മാര്‍ക്കുണ്ട് ... കൊള്ളാം, നീ ചേട്ടനേക്കാള്‍ മിടുക്കന്‍ തന്നെ...” അങ്ങനെയങ്ങെനെ ....  ഇങ്ങനെ അവനു കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ദിവസങ്ങളില്‍ രാത്രി അവനെ ഏതോ അദൃശ്യശക്തി വന്നു ഉപദ്രവിക്കുമായിരുന്നു. അതാരാണെന്നുള്ളത് ഇപ്പൊഴും ശാസ്ത്രലോകത്തിനു മനസ്സിലാകാത്ത ഒരു പ്രതിഭാസമാണ്!


എന്നാല്‍ കാലാന്തരത്തില്‍, പരീക്ഷയ്ക്ക് പഠിക്കാന്‍ വേണ്ടി കളയാനുള്ളതല്ല ജീവിതം എന്ന സത്യം തമ്പിക്കുട്ടന്‍ എങ്ങനെയോ മനസ്സിലാക്കി. അതിന്‍ഫലമായി അവന്‍ സ്കൂളില്‍  ക്രിക്കറ്റ് കളിക്കാനൊക്കെ തുടങ്ങി.  ക്ലാസ്സ് ടൈമില്‍ ഫീല്‍ഡിങ്ങ് അറേഞ്ച്മെന്റ്സിനെക്കുറിച്ചുള്ള ഡിസ്കഷനിലൊക്കെയായിരുന്നു അവന് ഇന്റ്ററസ്റ്റ്. പരീക്ഷയ്ക്ക് ഫുള്‍ മാര്‍ക്ക് വാങ്ങിയില്ലേലും സാരമില്ലെന്ന് അവന് തന്നെ തോന്നിത്തുടങ്ങി .... ശിവ ശിവ ...


ഇനി തിരിച്ച് 97-ലേക്ക്. അന്നത്തെ ഓണപ്പരീക്ഷയുടെ പേപ്പറുകളൊക്കെ കിട്ടിവരുന്നു... ഉത്തരക്കടലാസ് കിട്ടുന്ന ദിവസങ്ങളിലൊക്കെ വീട്ടിലേക്ക് വന്നാല്‍ ആദ്യം തന്നെ പേപ്പര്‍ എടുത്ത് അമ്മയെ ഏല്‍പ്പിക്കണം. എന്നിട്ടേ വസ്ത്രം പോലും മാറാന്‍ സമ്മതിക്കൂ. അമ്മ കിട്ടിയ മാര്‍ക്കൊക്കെ കൂട്ടിനോക്കും. 48 ഒക്കെ കിട്ടുകയാണെങ്കില്‍ 2 മാര്‍ക്ക് എവിടെ പോയെന്ന് അറിയാന്‍ ഒന്നും കൂടി കൂട്ടിനോക്കും. ‘ഇത്രയും‘ മാര്‍ക്ക് എന്തുകൊണ്ട് പോയി എന്ന് ചോദിക്കും. അറിഞ്ഞൂടായിരുന്നു, അശ്രദ്ധപറ്റി... ഇമ്മാതിരി ഉത്തരങ്ങളൊന്നും വിലപ്പോകില്ല ... ‘സിലബസ്സിന് പുറത്തായിരുന്നു ... ഈ ടീച്ചര്‍ എത്ര എഴുതിയാലും ഫുള്‍ മാര്‍ക്ക് കൊടുക്കില്ല‘ എന്നീ ഉത്തരങ്ങള്‍ കുറച്ചും കൂടി സേഫ് ആയിരുന്നു ...  മാര്‍ക്ക് കുറഞ്ഞ അവസരങ്ങളില്‍ അമ്മയുടെ തല്ലും വാങ്ങിച്ചിട്ട് അചഛന്‍ കച്ചവടം കഴിഞ്ഞ് വരുന്നത് വരെയുള്ള ഒരു കാത്തിരിപ്പുണ്ട്. അതിഭീകരമാണത്. പിന്നെ അച്ഛന്റെ കൈയീന്ന് കൂടി കിട്ടാ‍നുള്ളതും കൂടി വാങ്ങിയാലേ ജീവിതത്തിന് ഒരു അര്‍ത്ഥമൊക്കെ വന്നെന്ന് തോന്നൂ. ഇനി അത്യാവശ്യം നല്ല മാര്‍ക്ക് (അതായത് ഓള്‍മോസ്റ്റ് എല്ലാത്തിനും ഫുള്‍, അല്ലേല്‍ 48, 49) ഒക്കെ വാങ്ങിക്കുന്ന സമയത്തു അച്ഛന്‍ കച്ചവടമൊക്കെ കഴിഞ്ഞു വരുമ്പോള്‍ കൊള്ളാവുന്നതെന്തെങ്കിലും തിന്നാന്‍ വാങ്ങിച്ചോണ്ട് വരും. അന്നത്തെ സാഹചര്യങ്ങളില്‍ അതൊക്കെ ഒരു സന്തോഷം തന്നെ ആയിരുന്നു.

ആ...  അപ്പൊ ആ ദിവസങ്ങളില്‍ ഒന്നില്‍, നമ്മുടെ തമ്പിക്കുട്ടന് മാത്തമാറ്റിക്സിന്റെ ആന്‍സര്‍ പേപ്പര്‍ കിട്ടി. മുജ്ജന്മപാപം കൊണ്ടോ, അതോ പരീക്ഷയ്ക്ക് മരിയാദയ്ക്ക് പഠിക്കാത്തതു കൊണ്ടോ എന്തോ ... അവനു കണക്കിന് 25/50 ആണ് കിട്ടിയത്. പരീക്ഷ എഴുതുന്ന സമയത്തു തന്നെ കിട്ടാന്‍ പോകുന്ന മാര്‍ക്കിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരുന്നത് കൊണ്ട്, അവന്‍ ചിലതൊക്കെ പ്ലാന്‍ ചെയ്തിരുന്നു!

ആ ദിവസം വൈകുന്നേരം അമ്മ പോലീസ് ക്വാട്ടേഴ്സിലുള്ള വിജിയാന്റിയുടെ വീട്ടില്‍ ചുമ്മാ പോയി. (വിജിയാന്റിയുടെ മൂത്ത മകനായ അരുണ്‍ രാജും ഞാനും, പിന്നെ ഇളയ മകനായ വിനു രാജും തമ്പിയും ക്ലാസ്മേറ്റ്സ് ആയിരുന്നു. അതുകൊണ്ട് ആ രണ്ട് പിള്ളേരുടെയും പല വിവരങ്ങളും ഞങ്ങളില്‍ നിന്ന് അമ്മ അറിഞ്ഞ് വിജിയാന്റീടെ ചെവിട്ടില്‍ എത്തുമായിരുന്നു. തിരിച്ച് പല വിവരങ്ങളും അമ്മയ്ക്കും കിട്ടുമായിരുന്നു.) അവിടെ വച്ച് വിനു രാജിനോട് കുശലം ചോദിക്കാനെന്ന വ്യാജേന അമ്മ ചോദിച്ചു - “മോനേ വിനൂ, ഇന്ന് പേപ്പര്‍ വല്ല്തും കിട്ടിയോ?”
അപ്പോള്‍ വിനു - “ഇന്ന് മാത്സിന്റെ പേപ്പര്‍ കിട്ടി”
അപ്പോള്‍ അമ്മ - “ആര്‍ക്കാണ് മോനേ ഹൈയസ്റ്റ്?”
അപ്പോള്‍ വിനു - “ശാന്താറാമിന്”
സ്വന്തം മകന്റെ പേരിനു പകരം വേറൊരു പേരു കേട്ടതിന്റെ ഞെട്ടല്‍ മാറാതെ അമ്മ ചോദിച്ചു - “ശാന്താറാമിന് എത്രയുണ്ട്?”
അപ്പോള്‍ വിനു - “മുപ്പത്തിമൂന്ന്”

  അമ്മയുടെ മനസ്സില്‍ അപ്പോള്‍ ഒരു കണക്കിലെ ചോദ്യം ഉരുത്തിരിഞ്ഞുവന്നു - ഒരു ക്ലാസ്സില്‍ 45 കുട്ടികള്‍. അതില്‍ ഓണപ്പരീക്ഷയ്ക്കു കണക്കിന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത് തന്റെ മകനല്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിയ്ക്ക് കിട്ടിയത് 33 മാര്‍ക്ക്. അപ്പോള്‍ തന്റെ മകന്റെ മാര്‍ക്ക് എത്ര?... ആകെ മൊത്തം കോമ്പ്ലിക്കേഷന്‍സ്...

തിരിച്ചു വീട്ടിലെത്തിയ അമ്മ തിരുപ്പുത്രന്റെ വരവിനായി കാത്തിരിപ്പു തുടങ്ങി. അതേ സമയം തമ്പിക്കുട്ടന്‍ വീട്ടിലെ പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കും എന്നറിയാതെ സ്കൂളുവിട്ടുകഴിഞ്ഞ്, ട്യൂഷന് പോകാതെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നു.  പിന്നീട് എവിടന്നോ ധൈര്യം സംഭരിച്ച് അവന്‍ വീട്ടിലേക്ക് പോന്നു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട്, നല്ല മാര്‍ക്ക് ഉള്ള ഏതെങ്കിലും പേപ്പര്‍ കിട്ടുമ്പൊ അതിന്റെ കൂടെ ഇതും കൂടി പുറത്തെടുക്കാം എന്ന പ്ലാനുമായി വീട്ടില്‍ വന്ന് കയറിയ അവനോട് അമ്മ ചോദിച്ചു - “ എടാ,  പേപ്പര്‍ വല്ലതും കിട്ടിയോ? “. പിള്ള മനസ്സില്‍ കള്ളം ഇല്ലെന്നാണല്ലോ. അതുകൊണ്ട് അവന്‍ പറഞ്ഞു - ഇല്ലമ്മാ!
“ഇല്ലേ? വിനുരാജ് പറഞ്ഞല്ലോ കണക്കിന്റെ പേപ്പര്‍ കിട്ടിയെന്ന്!”
പാവം, പെട്ടു. ഇനി രക്ഷയില്ല. “കിട്ടിയമ്മാ”, അവന്‍ പറഞ്ഞു.
“എത്ര മാര്‍ക്കുണ്ട്?”
“ഇരുപത്തിയഞ്ച്.”
“ഠപ്പേ...“ (ആരും പറഞ്ഞതല്ല... അടിയുടെ സൌണ്ടാണ്)
“പേപ്പര്‍ എടുക്കെടാ”.
അവന്‍ പേപ്പര്‍ എടുത്തുകൊടുത്തു.
എന്നിട്ട് ... എന്നിട്ട് ... “അമ്മാ, ഞാന്‍ ഇപ്പൊ വരാം“ എന്നു പറഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി.
ഇരുപത്തഞ്ച് മാര്‍ക്കിന്റെ ഷോക്കില്‍ പേപ്പര്‍ പരിശോധിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന അമ്മയ്ക്ക് അറിയില്ലായിരുന്നു - തമ്പി വീടും വീട്ടുകാരെയും ഉപേക്ഷിച്ചു നാടുവിട്ടുപോവുകയായിരുന്നെന്ന്...

                                             ((തുടരും .... സത്യമായും തുടരും..........)