Friday, October 8, 2010

(മുള്‍)കിരീടം

(ഇത് ഒരു സാധാരണ പോസ്റ്റ് അല്ല. തികച്ചും വ്യക്തിഹത്യ മാത്രം ലക്ഷ്യമാക്കി ഞാന്‍ എഴുതുന്ന ഒരു ചിന്താധാര ആണ്. സ്വന്തമായി ഒരു ബ്ലോഗ് ഉള്ളത് കൊണ്ട് എനിക്കൊക്കെ എന്തും ആകാല്ലോ! ഇതു വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെങ്കില്‍ വിട്ടേരെ, അടുത്തതു എന്ത്കൊണ്ടും ഭേദപ്പെട്ട ഒന്നായിരിക്കും. )


ആദിയില്‍ വചനം ഉണ്ടായി. അത് ദൈവം ആയിരുന്നു. ദൈവം നടത്തിയ സൃഷ്ടിയെ, ഫോര്‍ ദ ടൈം ബീയിങ്, നമുക്ക് രണ്ടായി തിരിക്കാം. മനുഷ്യനും മൃഗങ്ങളും. മനുഷ്യനെ ആണും പെണ്ണുമായി തരം തിരിക്കാം. ഇനി ആണുങ്ങളെ രണ്ടായി തിരിക്കാം. സിങ്കിളും, കപ്പിളും. (കൊച്ചുകുട്ടികളെ ഞാനീ പട്ടികയില്‍ പെടുത്തിയിട്ടില്ല!).  സിങ്കിള്‍ ആയ ആണുങ്ങള്‍  ചോദിക്കാനും  പറയാനും ആരും ഇല്ലാത്ത പാവങ്ങള്‍! കപ്പിള്‍ ആയി നടക്കുന്നവര്‍ക്ക് സിങ്കിളുകളോട് ഒരുമാതിരി വകയിലെ ബന്ധുക്കളോടുള്ള തരം ഭാവമാണ്.
   
ഇനി... ഇതിലെ നായകന്റെ പേര് സേതുമാധവന്‍. വില്ലന്റെ പേര് കീ‍രിക്കാടന്‍ ജോസ്. (അല്ലെങ്കിലും ജോസ് എന്ന പേരുള്ള എല്ലാവരും ഇതുവരെ വില്ലന്മാരായ ചരിത്രമല്ലേയുള്ളൂ...   കീരിക്കാടന്‍ ജോസ്, ജോസ് പ്രകാശ്, എക്സറ്റ്ര.. എക്സറ്റ്ര...)   രണ്ടു പേരും രാമപുരത്തെ മോഡല്‍ എന്‍ജ്ജിനിയറിങ് കോളേജില്‍ ഒരുമിച്ച് നാലു വര്‍ഷം പഠിച്ചതാണ്. പഠിക്കുന്ന കാലത്തെ ഇവരുടെ സ്വഭാവം വിലയിരുത്തുകയാണെങ്കില്‍... കീരിക്കാടന്‍ വല്യ കലാപ്രതിഭ ഒക്കെ ആയിരുന്നു. ക്ലാസ്സിലൊട്ട് കയറത്തുമില്ല, വല്ല കലാപരിപാടികളും വന്നാല്‍ സ്റ്റേജീന്നൊട്ട് ഇറങ്ങത്തുമില്ല... ശ്രീ.. ച്ഛെ... സേതുമാധവന്‍ ആണേല്‍, നന്നായി പഠിക്കുന്ന കുട്ടിയും. വീട്ടീന്നിറങ്ങിയാല്‍ കോളേജ്, കോളേജ് വിട്ടാല്‍ വീട്... അങ്ങനെ അടക്കത്തോടും ഒതുക്കത്തോടും കൂടി നമ്മുടെ നാടിനു ഒരു മാതൃകയായി അവന്‍ വളര്‍ന്ന് വന്നു. 

പക്ഷെ, കോളേജിലൊക്കെ കീരിക്കാടനായിരുന്നു ഫേയ്മസ്... കോളേജ് ആര്‍ട്സിന്റെ സമയത്തൊക്കെ, സേതുമാധവന്റെ ചുറ്റുമിരുന്ന് പെണ്‍പിള്ളേര്‍ ആവേശത്തോടെ ജോസ്.. ജോസ്.. എന്ന് ആരവമിടുന്നത് അവനു വേദനയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയാറുള്ളൂ. ഇവരൊക്കെ സേതുമാധവന്റെ കൈയീന്ന് അസൈന്മെന്റും, ലാബ് റെക്കോഡുമൊക്കെ ഒരുപാട് തവണ കോപ്പി അടിച്ചിട്ടുള്ളവരാണ്. എന്നിട്ടും, ഒരിക്കല്പോലും ആരും ‘സേതു സേതു‘ എന്ന് ആര്‍പ്പ് വിളിച്ചിട്ടില്ല. അല്ലെങ്കിലും ഈ പെണ്‍പിള്ളേരുടെ ആരാധനയിലൊന്നും, സേതുമാധവനു വല്യ ഇന്റരസ്റ്റ് ഒന്നും ഉണ്ടായിരുന്നില്ല.  കോളേജിലെ ആണ്‍കുട്ടികളുടെയൊക്കെ അക്കാലത്തെ ഹൃദയസ്പന്ദനമായിരുന്ന ഗോമതി സദാശിവന്‍ ആരാണെന്നു പോലും ഫസ്റ്റ് ഇയര്‍ കഴിയുന്നതു വരെ സേതുമാധവന് അറിഞ്ഞൂടായിരുന്നു. എപ്പൊ നോക്കിയാലും പഠിപ്പ് തന്നെ പഠിപ്പ്.

കാര്യം ഇങ്ങനെയൊക്കെയായിരുന്നേലും, കീരിക്കാടനോട് സേതുമാധവന് ഇഷ്ടക്കേടോ, അസൂയയോ ഒന്നും ഉണ്ടായിരുന്നില്ല... എന്തിന്?
അതിനിടയ്ക്ക് കോളേജില്‍ വച്ച് തന്നെ കീരിക്കാടന് ഒരു ലൈന്‍ ഒക്കെ ആയി.  (ഞാന്‍ പറഞ്ഞില്ലേ, ഇവനൊന്നും പഠിക്കാനല്ല കോളേജില്‍ വന്നിരുന്നത്...)  ആ കഥകളൊക്കെ കീരിക്കാടന്‍ ഫെയ്സ്ബുക്കില്‍ ഇട്ടിട്ടൊണ്ട്... ഈ ബ്ലോഗിനെക്കുറിച്ച് കേള്‍ക്കാത്തവരു പോലും അത് വായിച്ചുകാണുമെന്നതിനാല്‍, ലിങ്കൊന്നും തരുന്നില്ല.

നാലു വര്‍ഷത്തെ കോളേജ് ജീവിതം കഴിയാറായപ്പോള്‍ കീരിക്കാടനു മനസ്സിലായി സേതുമാധവന്‍ ഒരു സംഭവമായിരുന്നെന്ന്. അപ്പൊ പിന്നെ അവനോട് കൂട്ടുകൂടിക്കളയാം എന്നൊക്കെ കരുതി കീരിക്കാടന്‍ സേതുവിനെ സമീപിച്ചു. പാവം സേതു, അവന് അങ്ങനെ വലിപ്പച്ചെറുപ്പങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്, ജോസെയ്... നീയും എന്റെ ഒരു സുഹൃത്താണെടാ, എന്നൊക്കെ പറഞ്ഞ് സെന്റി ആയി... അങ്ങനെ ഒരു സുപ്രഭാതത്തില്‍ നാലു വര്‍ഷം നീണ്ട ആ നല്ല ദിനങ്ങള്‍ക്ക് അറുതിയായി.

ഇനി കഥയുടെ ലൊക്കേഷന്‍ ബാങ്ക്ലൂര്‍ ആണ്. അവിടെ പണിയൊക്കെ കിട്ടി എല്ലാരും കൂടി വന്നു ചേക്കേറി. ഈ സംഗതി എഴുതുന്നത് ഞാനായതു കൊണ്ടും എന്റെ ബാങ്ക്ലൂര്‍ ജീവിതം പരമ ബോര്‍ ആയത് കൊണ്ടും കൂടുതല്‍ ഒന്നും എനിക്ക് ഇവിടെ എഴുതിയിടാനില്ല. പക്ഷെ,  സിങ്കിളായി ജീവിക്കുന്നവര്‍ക്കും, മറ്റെ ടീംസിനും തമ്മില്‍ പരക്കെ ഒരു വ്യത്യാസമുണ്ടായിരുന്നു - വീക്കെന്റായാല്‍ കപ്പിള്‍സിന് അവരുടെ ലോകമാണ്.  അവര്‍ സിങ്കിളുകളൊടൊന്നും കൂടി നടക്കില്ല, ഞങ്ങടെ കൂടെ സിനിമയ്ക്കൊന്നും വരില്ല. അവരായി അവരുടെ പാടായി. സിങ്കിളായി നടക്കുന്ന പാവത്തുങ്ങളെല്ലാം ആഴ്ചാവസാനം ഒത്തുകൂടി സിനിമയൊക്കെ കണ്ട് തമാശകളൊക്കെ പറഞ്ഞ് പെണ്‍കുട്ടികളെയൊക്കെ വായ്നോക്കി കപ്പിള്‍സിനെയൊക്കെ പ്രാകി കാലം കഴിച്ച് പോന്നു.
ആഹ്... പറയാന്‍ മറന്നു .... നമ്മുടെ സേതുമാധവനൊക്കെ ഇപ്പൊഴും നന്മ നിറഞ്ഞ ഒരു സിങ്കിളായിത്തന്നെ ജീവിക്കുകയാണ് കേട്ടോ. യേത്..?

അതുപോലെ നമ്മുടെ കീരിക്കാടന്‍ ജോസ്, ബാങ്ക്ലൂര്‍ ഉണ്ടായിട്ടും സേതുമാധവനോട് വല്യ അടുപ്പമൊന്നും കാണിച്ചിരുന്നില്ല. എങ്കിലും സേതുമാധവന് കപ്പിള്‍സിനോട് അസൂയയോ വെറുപ്പോ ഒന്നും ഉണ്ടായിരു‍ന്നില്ല... എന്തിന്...?

എഞ്ചിനീയറിങ്ങിന് നാലു കൊല്ലം മലമറിച്ചത് പോരാഞ്ഞിട്ടായിരിക്കണം, കീരിക്കാടന്‍ ഇവിടെ 2 കൊല്ലം ജോലി ചെയ്തപ്പോള്‍ എം.ബി.എ എടുക്കാന്‍ മോഹം കയറി അങ്ങ് ഗാസിയാബാധിലേക്ക് പോയി.  ഇടയ്ക്കും മുറയ്ക്കും അവധിയൊക്കെ കിട്ടുമ്പോള്‍ അവന്‍ കാമുകി കുഞ്ഞുമറിയയെ കാണാന്‍ ബാങ്ക്ലൂരില്‍ വരുമായിരുന്നു. അങ്ങനെ പല വന്നുപോക്കുകള്‍ക്കിടയില്‍ ഒരു ദിവസം സേതുമാധവനു ഒരു കോള്‍ വന്നു - കീരിക്കാടന്റെ. “ ടാ ഉവ്വേ, ഞാന്‍ കമ്മനഹള്ളിയിലേക്ക് ഇന്ന ദിവസം വരുന്നുണ്ട്. നിന്നെ കാണാന്‍ (!!!). അന്ന് ഞാന്‍ നിന്റെ കൂടെ തങ്ങും, നമുക്ക് അടിച്ച് പൊളിക്കണ്ടേ...“
സേതുമാധവന്‍ ഒരു ശുദ്ധനാണ്. ആരെങ്കിലും അടുപ്പം കാണിച്ചാല്‍ അത് സ്നേഹം കൊണ്ടാണെന്ന് വിശ്വസിക്കുന്ന പഞ്ചപാവം. കീരിക്കാടന്‍ വീട് സന്ദര്‍ശിക്കുന്നത് പ്രമാണിച്ച്, അവനെ നന്നായിത്തന്നെ സല്‍ക്കരിക്കാന്‍ സേതു തീരുമാനിച്ചു. അവനും, അനിയന്‍ സേതുരാമയ്യരും (C.B.I അല്ല) കൂടി വീടൊക്കെ അടിച്ച് തുടച്ച് വൃത്തിയാക്കി, അവന് ഒരു രാജാവിനെപ്പോലെ രണ്ട് ദിവസം താമസിക്കാന്‍ സൌകര്യമൊരുക്കി. കീരിക്കാടന് വേണ്ടി ഒന്നരക്കിലോ കോഴിയിറച്ചി വാങ്ങി മുളകും പുരട്ടി ഫ്രിഡ്ജില്‍ വച്ചു. വരാമെന്ന് പറഞ്ഞ ശനിയാഴ്ച കീരിക്കാടനെ കാണാഞ്ഞ് അവന്റെ മൊവീലില്‍ വിളിച്ച സേതുമാധവനോട്, കീരി പറഞ്ഞു - “അളിയാ ഞാനിപ്പൊ റോബിന്‍ഹുഡിന്റെ വീട്ടിലാണു. ഇന്നിവിടെ തങ്ങിയാലോന്നാണ് ആലോചന. അവന്റെ ഭാര്യ പ്രസവത്തിനു പോയിരിക്കുകയാണ്. എന്നാപ്പിന്നെ അവന് ഒരു കമ്പനി കൊടുത്താലോന്ന് വിചാരിച്ചു. ഞാന്‍ നാളെ നിന്റെ വീട്ടിലോട്ട് വരാം.” സേതു ഒന്നും പറഞ്ഞില്ല. ഇനീപ്പൊ, കീരിക്കാടന്‍ കമ്പനി കൊടുക്കാത്തതുകൊണ്ട് റോബിന്‍ഹുഡിനു സങ്കടം ആകണ്ട. പാവം, ഒന്നാമത് ഭാര്യയെ പിരിഞ്ഞ് ഇരിക്കുകയാണ്. സേതുമാധവന്‍ കല്യാണം കഴിച്ചിട്ടില്ലാത്തതുകൊണ്ട്, ഭാര്യയെ പിരിഞ്ഞിരിക്കുന്നതിന്റെ വിഷമം ഒന്നും അറിഞ്ഞൂട. ഇടയ്ക്കിടയ്ക്ക് കാമുകി കുഞ്ഞുമറിയയെ പിരിഞ്ഞിരിക്കുന്നത് കൊണ്ട് കീരിക്കാടന് അതൊക്കെ ചെറുതായി മനസ്സിലാകും. ആയിക്കോട്ടെ, അവരായി അവരുടെ പാടായി.
അടുത്ത ദിവസം ഞായറാഴ്ച, കീരിക്കാടന്‍ വരുമെന്ന് വിചാരിച്ച് ഉച്ചയ്ക്കുമുന്‍പ് സേതുരാമയ്യര്‍ ഇരുന്ന കോഴിയിറച്ചി എല്ലാം കൂടെ എടുത്ത് വറുത്തു. ഉച്ചയായി.. വൈകുന്നേരമായി.. കീരിക്കാടന്റെ പൊടി പോലും കാണാനില്ല. ഒടുവില്‍ പ്രതീക്ഷിച്ചിരുന്ന ആ കോള്‍ അപ്രതീക്ഷിതമായി അവനെത്തേടിയെത്തി ... കീരിക്കാടന്‍ വിറയാര്‍ന്ന ശബ്ദത്തോടു കൂടിയാണ് ആ വാര്‍ത്ത സേതുവിനോട് പറഞ്ഞത്.


                                                                   (തുടരില്ല ... ഇത് തുടരാതിരിക്കുന്നതാണ് എനിക്ക് നല്ലത്...)